ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകി ഉമർ ഖാലിദ്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ ആക്ടിവിസ്റ്റ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നൽകി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ഹർജിയിൽ അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഈ ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചെങ്കിലും മറ്റു നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. അഭിഭാഷകൻ എൻ സായ് വിനോദ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.പൗരത്വ ഭേദഗതി നിയമത്തെ (CAA) ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ (UAPA) അടക്കമുള്ള വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ഈ വർഷം ജനുവരിയിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ചു. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. എന്നാൽ, വിചാരണ വൈകുന്നത് പരിഗണിച്ച് മറ്റ് അഞ്ച് പേർക്ക് ജാമ്യം നൽകുകയായിരുന്നു.നിലവിലെ ഉത്തരവ് വന്ന് ഒരു വർഷം പൂർത്തിയാകുകയോ, അല്ലെങ്കിൽ കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ ചെയ്താൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് ജനുവരിയിലെ വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *