തൃശൂരിൽ മ്ലാവ് ഇറച്ചിയുടെ പേരിൽ യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസം; പരിശോധനാഫലത്തിൽ പോത്തിറച്ചിയെന്ന് കണ്ടെത്തൽ

തൃശൂ‍ർ: തൃശൂർ ചാലക്കുടിയിൽ മ്ലാവിറച്ചിയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ യഥാർത്ഥത്തിൽ കൈവശംവെച്ചത് പോത്തിറച്ചിയെന്ന് കണ്ടെത്തൽ. ചുമട്ടുതൊഴിലാളികളുമായ സുജീഷും വണ്ടി ബ്രോക്കർ ജോബിയും മ്ലാവിറച്ചിയുടെ പേരിൽ ജയിലിൽ കഴിഞ്ഞത് 35 ദിവസമായിരുന്നു. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴി പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുവരേയും മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നായിരുന്നു സുജീഷിന്റെയും ജോബിയുടെയും അഭിഭാഷകൻ പറഞ്ഞത്. ഒടുവിൽ രാസപരിശോധനാഫലം വന്നപ്പോൾ ഇവരിൽ നിന്ന് പിടികൂടിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബ‍ർ 30നാണ് ഒന്നാം പ്രതിയായ ജോബിയുടെ വീട്ടിൽ നിന്ന് ഇത്തരത്തിൽ ഇറച്ചി പിടിക്കുന്നത്. തുട‍ർന്ന് ജോബിയുടെ മൊഴി പ്രകാരമാണ് രണ്ടാം പ്രതിയെ കൂടി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയുടെ വീട്ടിൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം തങ്ങൾക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തൽ പരിശോധനയ്ക്ക് എത്തിതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഡാൻസാഫ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ‍രുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. വിശദമായ പരിശോധനയിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ഇറച്ചി കണ്ടെത്തിയത്. തുടർന്ന് ഡാൻസാഫ് സംഘം വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ സ്ഥലത്ത് മുപ്ലിയത്തുനിന്നുള്ള വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍‍ർ സ്ഥലത്ത് എത്തുകയും മറ്റ് പരിശോധനകൾ ഒന്നും നടത്താതെ ഇത് മ്ലാവിന്റെ ഇറച്ചിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതേത്തുട‍ർന്ന് മ്ലാവിറച്ചി കൈവശം വെച്ചാന്നാരോപിച്ച് ജോബിയെയും, ജോബിയുടെ മൊഴി പ്രകാരം സുജീഷിനെയും അറസ്റ്റ് ചെയ്തതു. അറസ്റ്റിന് ശേഷം 35 ദിവസത്തോളം ഇവർ റിമാൻഡിൽ കഴിഞ്ഞിരുന്നു. തു‌‍ടർന്ന് ഇവ‍‍ർക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഇതിനും ആറ് മാസത്തിന് ശേഷമാണ് ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയ ഇറച്ചി മ്ലാവിന്റേതല്ല പോത്തിന്റെതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *