ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പ്രസ്തുത വ്യക്തിക്ക് കുറഞ്ഞത് മൂന്നു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസുമാരായ എ ജി മാസിഹ്, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.സിവില്‍ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) പരീക്ഷ എഴുതാൻ മൂന്ന് വർഷത്തെ പ്രാക്ടീസ് ആവശ്യമുണ്ടെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യല്‍ റിക്രൂട്ട്‌മെന്റിന് ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഈ വ്യവസ്ഥ ഭാവിയിലെ നിയമനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ.താല്‍ക്കാലിക എൻറോള്‍മെന്റ് തീയതി മുതല്‍ പ്രാക്ടീസ് കാലയളവ് കണക്കാക്കാം. കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഒരു അഭിഭാഷകനില്‍ നിന്നുള്ളതും ആ സ്റ്റേഷനിലെ ജുഡീഷ്യല്‍ ഓഫീസർ അംഗീകരിച്ചതുമായ സർട്ടിഫിക്കറ്റ് പ്രസ്തുത വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ഉപയോഗിക്കാം.സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ക്ക് കോടതി നിയോഗിച്ച ഒരു ഉദ്യോഗസ്ഥൻ അംഗീകരിച്ചതും കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളതുമായ അഭിഭാഷകന്റെ സർട്ടിഫിക്കറ്റും തെളിവായി എടുക്കാൻ സാധിക്കും. നിയമ ക്ലാർക്കുമാരായുള്ള പരിചയവും ഈ 3 വർഷത്തെ പ്രവർത്തി പരിചയത്തില്‍ ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. പുതിയ നിയമ ബിരുദധാരികളെ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ജുഡീഷ്യല്‍ സർവീസില്‍ പ്രവേശിക്കാൻ അനുവദിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് നിര്‍ബന്ധം: സുപ്രീംകോടതി
