ഇത് അനാവശ്യം; ഹൈക്കോടതി ഉത്തരവിട്ടു, കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ ഇനി മുഴങ്ങില്ല

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ ഇനി മുഴങ്ങില്ല. ഒരാഴ്ചയ്ക്കകം സൈറൺ മുഴക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് നടപടി. സമയം നോക്കാൻ മറ്റ് സംവിധാനങ്ങളുള്ള കാലത്ത് ഇത് അനാവശ്യമാണെന്നാണ് കോടതിനിരീക്ഷണം. ഇതോടെ തിങ്കളാഴ്ച മുതൽ സൈറൺ മുഴക്കുന്നത് നിർത്തിവെച്ചു. തളാപ്പിലെ എം.പ്രശാന്തൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.സൈറൺ മുഴക്കുന്നത് സംബന്ധിച്ച് മുൻപ് കളക്ടറും കോർപ്പറേഷൻ അധികൃതരും തമ്മിൽ തർക്കമുണ്ടായിരുന്നു. സൈറണിന്റെ ശബ്ദം അനുവദനീയമായ പരിധിയിൽ കൂടുതലാണെന്നും അതിനാൽ നിർത്തിവെക്കുകയോ ശബ്ദപരിധി കുറയ്ക്കുകയോ ചെയ്യണമെന്ന് കാണിച്ച് കളക്ടർ അരുൺ കെ.വിജയൻ സെപ്റ്റംബറിൽ കോർപ്പറേഷന് കത്ത് നൽകി. രണ്ടാഴ്ചയ്ക്കകം നടപടിയെടുത്തില്ലെങ്കിൽ സൈറൺ കണ്ടുകെട്ടുമെന്നും അറിയിച്ചു. അനുവദനീയമായ അളവിലും കൂടുതലുള്ള ശബ്ദം പ്രായമായവർക്കും കുട്ടികൾക്കും ശല്യമാകുന്നതായി പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കത്തിലുണ്ടായിരുന്നത്.പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി.യും കളക്ടർക്ക് പാരാതി നൽകിയിരുന്നു.എന്നാൽ പ്രദേശവാസികൾ ഇതുവരെ കോർപ്പറേഷന് പരാതി നൽകിയിട്ടില്ലെന്നും ചരിത്രപ്രാധാന്യമുള്ള സൈറൺ മുഴക്കുന്നത് തുടരാനും കോർപ്പറേഷൻ അടിയന്തര കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചു. ഡി.ഐ.ജി.യുടെ ഉറക്കം തടസ്സപ്പെടുന്നതാണ് പരാതിക്കിടയാക്കിയതെന്നും അതിന് കുടപിടിക്കാൻ കളക്ടർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും യോഗം ആരോപിച്ചു. മുൻപ് സൈറൺ ശബ്ദം കോർപ്പറേഷൻ ഓഫീസിന് തൊട്ടടുത്തുള്ള ക്യാമ്പ് ഓഫീസിലെ ജീവനക്കാർക്കും പരിസരവാസികൾക്കും പ്രയാസമുണ്ടാക്കുന്നതിനാൽ നടപടി ആവശ്യപ്പെട്ട് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യും കത്ത് നൽകിയിരുന്നു. മാസങ്ങൾ നീണ്ട തർക്കത്തിനാണ് ഹൈക്കോടതിവിധിയോടെ അവസാനമായിരിക്കുന്നത്.ഇന്ത്യാ-പാക് യുദ്ധസമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് തദ്ദേശസ്ഥാപനങ്ങളിൽ സൈറൺ സ്ഥാപിച്ചത്. രാവിലെ ആറ്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് ആറ് എന്നീ സമയങ്ങളിലാണ് സൈറൺ മുഴക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *