ന്യൂഡൽഹി: അനാവശ്യ നിയമപോരാട്ടങ്ങൾ നടത്തി കോടതികളുടെ സമയം പാഴാക്കുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സർക്കാരിന് കോടതി 25,000 രൂപ പിഴയും ചുമത്തി.സി ഐ എസ്എ ഫ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രം സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.മറ്റൊരു സി ഐ എസ്എ ഫ് കോൺസ്റ്റബിളിന്റെ മകൾക്ക് തന്റെ സഹോദരനൊപ്പം വിവാഹത്തിനായി ഒളിച്ചോടി പോകാൻ സഹായം നൽകി.11 ദിവസത്തെ അനധികൃത ലീവ് എടുത്തു എന്നിവ ആരോപിച്ചായിരുന്നു ഭടനെ പിരിച്ചു വിട്ടത്. അസാന്നിധ്യം അംഗീകൃത മെഡിക്കൽ അവധിയായിരുന്നുവെന്നും വിവാഹ കാര്യത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനല്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.സഹോദരനൊപ്പം വിവാഹത്തിനായി പോയ യുവതി അച്ചടക്ക നടപടിയുടെ ഭാഗമായുള്ള വിസ്താരത്തിൽ ഹാജരാകുകയും ഉദ്യോഗസ്ഥനെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്റെ താത്പര്യ പ്രകാരമാണ് വിവാഹത്തിൽ ഇടപെട്ടതെന്നും പരാതിയില്ലെന്നും യുവതി മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ ഈ കേസ് ഏറ്റുപിടിച്ചു. തുടര്‍ന്ന് സുപ്രീം കോടതി മുൻപാകെ എത്തി.രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കാൻ പ്രധാന കാരണം സർക്കാരിന്റെ ഇത്തരം അനാവശ്യ അപ്പീലുകളാണെന്ന് കോടതി ഓര്‍മ്മപ്പെടുത്തി. ഇത്തരം കേസുകളിലെ ഏറ്റവും വലിയ വ്യവഹാരിയായി സർക്കാര്‍ മാറിയിരിക്കയാണെന്നും കോടതി വിമര്‍ശിച്ചു.ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, ഉദ്യോഗസ്ഥന് കുടിശ്ശികയുള്ള ശമ്പളം നൽകാനും ഉത്തരവിട്ടു. ഒരു കുടുംബപ്രശ്നത്തിന്റെ പേരിൽ നൽകിയ ശിക്ഷ അമിതമാണെന്നും ഇത്തരം കേസുകളുമായി സുപ്രീം കോടതിയെ സമീപിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും കോടതി ഓർമ്മിപ്പിച്ചു.”എന്തിനാണ് യൂണിയൻ ഓഫ് ഇന്ത്യ ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് നാം എപ്പോഴും കേൾക്കാറുണ്ട്. ആരാണ് ഇവിടെ ഏറ്റവും വലിയ വ്യവഹാരി? അതുകൊണ്ട് തന്നെ പിഴ ചുമത്തേണ്ടതുണ്ട്,” ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഹൈക്കോടതി ഒരു വിധി നൽകിയാൽ അത് അംഗീകരിക്കുന്നതിന് പകരം കേന്ദ്രം സുപ്രീം കോടതിയിലേക്ക് അപ്പീലുമായി വരുന്നത് എന്തിനാണെന്നും അവർ ചോദിച്ചു
അനാവശ്യ നിയമപോരാട്ടങ്ങൾ നടത്തുന്നു, കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനവും പിഴയും
