‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യാം; സ്റ്റേ നീക്കി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: വിദ്വേഷ സിനിമ ‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചു. പൊതുതാല്‍പര്യ സ്വഭാവമുള്ള ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് പി.വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗം അല്ലന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍ ചിത്രം പ്രദര്‍ശനാര്‍ഹം ആണെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.ഇന്നലെ രാത്രിയാണ് നിര്‍മാതാക്കളുടെ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് അടിയന്തരമായി വാദം കേട്ടത്. എന്ത് സ്വകാര്യ താല്‍പര്യമാണ് ലംഘിക്കപ്പെട്ടതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു. സിനിമയുടെ റിലീസ് തടയുന്നത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് നിര്‍മ്മാതാവ് വാദിച്ചു. ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. സിനിമ കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിര്‍മ്മാതാവ് അവകാശപ്പെട്ടിരുന്നു.സിനിമ കണ്ട് വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനു മാത്രമാണെന്നും, അതിനുമുകളില്‍ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. രണ്ടു മിനിറ്റ് മാത്രമുള്ള ടീസര്‍ കണ്ടുകൊണ്ട് ചിത്രതെ വിലയിരുത്താന്‍ പാടില്ല. ചിത്രത്തിന്റെ റിലീസിന് ആവശ്യമായ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതാണെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.സിനിമയുടെ പേര് മാറ്റാന്‍ കഴിയില്ലെന്നും കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ചിത്രത്തില്‍ പറയുന്നതുകൊണ്ട് തന്നെ പേരിലെ ‘ഗോസ് ബിയോണ്ട് ‘ അതിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ് നിര്‍മ്മാതാവിന്റെ വാദം. സിനിമയുടെ റിലീസ് വരുന്ന സാഹചര്യത്തില്‍ ഹരജി ദുരുദ്ദേശപരമെന്നും നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. 1500 കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ തയാറെടുത്തിരിക്കുകയാണെന്നും വിലക്കേര്‍പ്പെടുത്തിയാല്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നുമുള്ള നിര്‍മാതാക്കളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *