‘ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണം. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നതായി കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം. പകുതിവില തട്ടിപ്പ് കേസ് പ്രതി കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുകയായിരുന്നു കോടതി.ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകും. പ്രതികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു.

വിഷയത്തിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജയില്‍ ഡിജിപിയോട് വിശദീകരണവും തേടി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗകര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സംസ്ഥാന ജയില്‍ ഡിജിപിക്ക് നിര്‍ദേശം നൽകി. ജയില്‍ ഡിജിപിയെ സ്വമേധയാ കക്ഷി ചേര്‍ത്തായിരുന്നു ഹൈക്കോടതിയുടെ നടപടി. പകുതിവില തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെ.എന്‍. ആനന്ദ കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി പറഞ്ഞു. ആരോഗ്യ പ്രശ്‌നമുയര്‍ത്തി ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവായി. ജാമ്യാപേക്ഷയിൽ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *