കൊച്ചി: തയ്യില്‍ ജ്യോതിഷ് വധക്കേസില്‍ ഏഴ് പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. കേസിലെ പ്രതികളായ ഏഴ് സിപിഐഎം പ്രവര്‍ത്തകരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ബാബിനേഷ്, ടി എന്‍ നിഖില്‍, ടി റിജുല്‍ രാജ്, സി ഷഹാന്‍ രാജ്, വി കെ വിനീഷ്, വിമല്‍ രാജ് കെ പി, ടോണി എം എന്നിവരാണ് ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍. കേസില്‍ പ്രതികളെ ബന്ധിപ്പിക്കാന്‍ വിശ്വസനീയമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.2009 സെപ്റ്റംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂര്‍ സവിത തീയറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞ് ഇറങ്ങിയ ജ്യോതിഷിനെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി 2019-ല്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുപേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി കേസില്‍ അപ്പീല്‍ അനുവദിച്ചു.
തയ്യില്‍ ജ്യോതിഷ് വധക്കേസ്: പ്രതികളായ ഏഴ് സിപിഐഎം പ്രവര്‍ത്തകരെയും ഹൈക്കോടതി വെറുതെ വിട്ടു
