വാഷിങ്ടൺ: ലിങ്കൺ ഏക്കേഴ്സ് എലിമെന്ററി സ്കൂളിലെ മുൻ അധ്യാപികയായ ജാക്വലിൻ മായ്ക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രായ പൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് ശിക്ഷാ വിധി. ആണ്‍കുട്ടികളിൽ ഒരാളുമായി 12 വയസുള്ളപ്പോൾ മുതൽ 36കാരി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു.
12 വയസ്സുള്ള ആൺകുട്ടിയെ 10 മാസത്തിലധികം ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഇവർ കുട്ടിക്കയച്ച പ്രണയ ലേഖനം അമ്മ കണ്ടെത്തി അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ആണ്‍കുട്ടി വൈകി വീട്ടിൽ വരുമ്പോഴെല്ലാം സ്കൂൾ സമയത്തിന് ശേഷമുള്ള ഒരു ബാസ്കറ്റ്ബോൾ പരിശീലീനത്തിൽ ഏർപ്പെടുകയായിരിക്കുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ക്ലാസ് മുറിയിൽ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.
വർഷങ്ങൾക്ക് മുമ്പ് സമാനമായ അവസ്ഥയിൽ ഒരു 11 വയസുള്ള ആണ്‍കുട്ടിയും പീഡനത്തിനിരയായതായി പൊലീസ് കണ്ടെത്തി. കുട്ടികൾക്ക് സമ്മാനങ്ങൾ, ഭക്ഷണം, പ്രത്യേക ശ്രദ്ധ എന്നിവ നൽകിയാണ് ഇവർ ആണ്‍കുട്ടികളെ സമീപിച്ചിരുന്നത്. ആണ്‍കുട്ടികളെ ഗൃഹപാഠം പൂർത്തിയാക്കാൻ വരെ ഇവർ സഹായിച്ചിരുന്നുവെന്ന് ജില്ലാ അറ്റോർണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.