ബുക്കിങ് മറിച്ചുനൽകുന്നതായി സംശയം; ദിവസം ഒന്നിലേറെ പടിപൂജ നടത്താമോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അനുവദനീയമായ ദിവസങ്ങളിൽ ശബരിമലയിൽ ഒന്നിലധികം പടിപൂജ നടത്താനാകുമോയെന്ന് തന്ത്രിയുമായി ആലോചിച്ച് പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ആചാരപരമായി അനുവദിക്കുമെങ്കിലാണിത്. 2040 സെപ്റ്റംബർവരെ പടിപൂജ ബുക്കിങ് പൂർത്തിയായതായി അറിയിച്ചതിനെത്തുടർന്നാണ് ഈ നിർദേശം.പടിപൂജ ബുക്കുചെയ്തശേഷം മറിച്ചുനൽകുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.നിലവിൽ പടിപൂജയുടെ പേരിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. ഈ വർഷം മാർച്ച് 26 മുതൽ 2040 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 207 ദിവസം പടിപൂജ ബുക്കിങ്ങിന് ഒഴിവുണ്ട്. ഈ ദിവസങ്ങളിലേക്ക്‌ നിലവിൽ ബുക്കുചെയ്തവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കാനാകുമോ എന്നത് പരിശോധിക്കണം. പടിപൂജ ഒഴിവുള്ള ദിവസങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ബുക്കുചെയ്യുന്നവരുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തണം. നോമിനിയെയും നിർദേശിക്കണം.ബില്ലടയ്ക്കാതെ ബുക്കിങ് ഉറപ്പിക്കരുത്. ഒഴിവുള്ള പടിപൂജ, ഉദയാസ്തമയപൂജ, ഉത്സവബലി, കളഭാഭിഷേകം, സഹസ്രകലശം എന്നിവയുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. പടിപൂജ ബുക്കുചെയ്തശേഷം കൈമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വിജിലൻസ് പരിശോധന ഉണ്ടാകണം. നിർദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് രണ്ടുമാസത്തിനകം സ്പെഷ്യൽ കമ്മിഷണർക്ക് നൽകണം. കമ്മിഷണർ കോടതിയിൽ സമർപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *