വാടക ഗര്‍ഭധാരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളത്തെ സ്വകാര്യ സ്ഥാപനമായ എആര്‍ടി ബാങ്കില്‍ വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം. ബി സ്നേഹലത എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. കേസ് 10ന് വീണ്ടും പരിഗണിക്കും.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വാടക ഗര്‍ഭധാരണത്തിനായി കൊണ്ടുവന്ന ഏഴ് സ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എആര്‍ടി ബാങ്ക് സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിച്ചത്.. എആര്‍ടി നിയമപ്രകാരം അധികാരികളുമായി ഏകോപിപ്പിച്ച് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തത്.പണത്തിന്റെ പ്രലോഭനത്തിലൂടെ മാത്രമാണ് വാടക അമ്മമാരാകാനോ അണ്ഡദാതാവാകാനോ അവരെ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് കളമശ്ശേരി പോലീസ് എസ്എച്ച്ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍, സ്ത്രീകളെ അണ്ഡദാതാക്കളോ വാടക ഗര്‍ഭധാരണക്കാരോ ആകാന്‍ പ്രേരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *