ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികള്‍ ഏപ്രില്‍ 16ന് സുപ്രിംകോടതി പരിഗണ്ക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുക. ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എംഎല്‍എ അമാനത്തുല്ലാ ഖാന്‍, എപിസിആര്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍ജെഡി എംപി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് പരിഗണിക്കുക.
അതേസമയം, വഖഫ് നിയമത്തിന്റെ ഗുണങ്ങള്‍ വര്‍ണിക്കാന്‍ രാജ്യത്ത് 500 സെമിനാറുകള്‍ നടത്തുമെന്ന് സംഘപരിവാര സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. വഖ്ഫ് നിയമത്തിന്റെ ഗുണങ്ങള്‍ അറിയിക്കാന്‍ രാജ്യത്ത് 100 ബോധവല്‍ക്കരണ പരിപാടികളും 500 സെമിനാറുകളും നടത്തുമെന്നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ ഒരു ഈദ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വഖ്ഫ് ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനായിരുന്ന ബിജെപി എംപി ജഗദാംബിക പാല്‍ അടക്കമുള്ളവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ നിയമം മൂലം മുസ്‌ലിം സമുദായത്തിന് ഉണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ജഗദാംബിക പാല്‍ യോഗത്തില്‍ വാചാലനായി. മുസ്‌ലിംകളുടെ പ്രത്യേകിച്ച് അവരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് നിയമം ഗുണം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.