ന്യൂഡല്‍ഹി: പോലീസ് ഡയറക്ടര്‍ ജനറല്‍മാരെ (ഡിജിപി) തിരഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കുന്ന പാനലില്‍ നിന്ന് ആവുന്നത് നന്നാവുമെന്ന് സുപ്രീം കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഡിജിപിയെ തിരഞ്ഞെടുക്കുന്നതിനായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കൊളീജിയം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഈ കേസിലെ അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഈ വിലയിരുത്തലിനോട് യോജിച്ചു. ഡിജിപിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്ലാമ്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.വാദം കേള്‍ക്കുന്നതിനിടെ, ഈ പ്രക്രിയയില്‍ ഒരു കേന്ദ്ര അതോറിറ്റി ഉണ്ടായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ‘യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. യുപിഎസ്സിക്കെതിരെ ഒരു ആരോപണവുമില്ല,’ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. യുപിഎസ്സിക്ക് യോഗ്യരായ ഉദ്യോഗസ്ഥരുടെ ഒരു പാനല്‍ തയ്യാറാക്കാന്‍ കഴിയുമെങ്കിലും, അന്തിമ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനായിരിക്കണമെന്ന് രാജു രാമചന്ദ്രന്‍ വാദിച്ചു. ഹര്‍ജിക്കാരന്‌റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരായില്ലെന്നതിനാല്‍ വാദം മറ്റൊരു ദിവസത്തേയ്‌ക്കു മാറ്റി
ഡിജിപി നിയമനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കുന്ന പാനലില്‍ നിന്നാവുന്നത് ഉചിതമെന്ന് സുപ്രീം കോടതി
