നഷ്ടപരിഹാരം വൈകിയാൽ പിഴ ഇൻഷുറൻസ് കമ്പനിയല്ല, തൊഴിലുടമ തന്നെ നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ തൊഴിലുടമ സ്വന്തം കയ്യിൽ നിന്ന് പിഴ ഒടുക്കണമെന്ന് സുപ്രീംകോടതി. എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരത്തുക നൽകാൻ വൈകിയാൽ, അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ പോലും പിഴത്തുക തൊഴിലുടമ നൽകണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തൊഴിലാളികൾക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിക്കണമെന്നും, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സെക്ഷൻ 4എ(3)(ബി) പ്രകാരമുള്ള പിഴ നൽകാനുള്ള ബാധ്യത തൊഴിലുടമയ്ക്കായിരിക്കുമെന്നും കോടതി പറഞ്ഞു.നഷ്ടപരിഹാരം നൽകാൻ വൈകുന്ന സാഹചര്യത്തിൽ പിഴ നൽകേണ്ടത് തൊഴിലുടമയല്ല, മറിച്ച് ഇൻഷുറൻസ് കമ്പനിയാണെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.”തൊഴിലിനിടയിലോ അതുമായി ബന്ധപ്പെട്ടോ സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേറ്റാൽ ചികിത്സാ ചെലവ് വഹിക്കാനും മരണം സംഭവിച്ചാൽ കുടുംബത്തിന്റെ ഉപജീവനത്തിനുമായിട്ടാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്.,” എന്ന് ബെഞ്ച് നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *