രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പ്രിയദർശിനി മാട്ടു ബലാത്സംഗ കൊലക്കേസിലെ പ്രതി സന്തോഷ് സിങ്ങിന് പരോള്‍ നീട്ടി നല്‍കാൻ വിസമ്മതിച്ച് സുപ്രീം കോടതി.ശിക്ഷാ ഇളവ് സംബന്ധിച്ച അപേക്ഷ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരോള്‍ വിഷയത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പരോള്‍ നീട്ടിക്കിട്ടുന്നതിനോ കേസ് വേഗത്തില്‍ തീർപ്പാക്കുന്നതിനോ പ്രതിക്ക് ഹൈക്കോടതിയെ സമീപിക്കാം. കേസില്‍ എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സന്തോഷ് സിങ്ങിന് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ പ്രിയദർശിനി മാട്ടുവിന്റെ സഹോദരൻ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നിലവില്‍ വാദം കേള്‍ക്കുന്നത്. മാർച്ച് 19ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി പ്രതിയോട് ഉത്തരവിട്ടിരുന്നു.1996 ജനുവരിയിലാണ് ഡല്‍ഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനിയായിരുന്ന 25 വയസ്സുകാരി പ്രിയദർശിനി മാട്ടു കൊല്ലപ്പെടുന്നത്. വസന്ത് കുഞ്ചിലെ വസതിയില്‍ വെച്ച് പ്രിയദർശിനിയെ സന്തോഷ് സിങ് ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി പൊലീസ് മുൻ ഇൻസ്പെക്ടർ ജനറലിന്റെ മകനായ സന്തോഷ് സിങ് പ്രിയദർശിനിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി പ്രതിയെ കുറ്റവിമുക്തനാക്കി. എന്നാല്‍ വിചാരണ കോടതി വിധി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി സന്തോഷ് സിങ്ങിന് വധശിക്ഷ വിധിച്ചു. 2010 ഒക്ടോബറില്‍ സുപ്രീം കോടതി കുറ്റം ശരിവെച്ചെങ്കിലും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെന്നും ജയിലിലെ തന്റെ നല്ല നടപ്പ് പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിക്കണമെന്നുമാണ് സന്തോഷ് സിങ്ങിന്റെ ആവശ്യം. എന്നാല്‍ ഇത്രയും ക്രൂരമായ കുറ്റം ചെയ്ത പ്രതിയെ മോചിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രിയദർശിനിയുടെ കുടുംബം വാദിക്കുന്നു.
പ്രിയദര്‍ശിനി മാട്ടു കൊലക്കേസ്; പ്രതി സന്തോഷ് സിങ്ങിന്റെ പരോള്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
