വനിതാ അഭിഭാഷകര്‍ക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ POSH ബാധകമാക്കണമെന്ന ഹര്‍ജി: സുപ്രീം കോടതി വാദം കേള്‍ക്കും

വനിതാ അഭിഭാഷകർക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ വർക്ക്‌പ്ലേസ് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസല്‍) നിയമം ( Sexual Harassment of Women at Workplace (Prevention, Prohibition and Redressal) ബാധകമാക്കണമെന്ന സുപ്രീം കോടതി വനിതാ ലോയേഴ്‌സ് അസോസിയേഷന്റെ ഹർജിയില്‍ വാദം കേള്‍ക്കാൻ സുപ്രീം കോടതി തീരുമാനം.ഈ നിയമം അഭിഭാഷകർക്ക് ബാധകമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയില്‍ നോട്ടീസ് അയച്ചത്.എല്ലാ പ്രൊഫഷണല്‍ സ്ഥാപനത്തിനും ഒരു ആഭ്യന്തര പരാതി സമിതി ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശിച്ച തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നാണ് സുപ്രീം കോടതി വനിതാ ലോയേഴ്‌സ് അസോസിയേഷന്റെ വാദം. സ്ത്രീകളെ തൊഴിലില്‍ പരിഹാരങ്ങളില്ലാതെയും സ്ഥിരമായ പരാതി പരിഹാര സമിതിയില്ലാതെയും സ്ത്രീകളെ തള്ളക്കളയുന്നതാണ് ഹൈക്കോടതി വിധിയെന്നാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മഹാലക്ഷ്മി പവാനിയുടെ വാദം. തൊഴിലുടമ-ജീവനക്കാരൻ ബന്ധമില്ലെങ്കില്‍ പോഷ് നിയമം ബാധകമല്ലെന്ന് വിധിയിലൂടെ ഹൈക്കോടതി നടത്തിയത് സങ്കുചിത വ്യാഖ്യാനമാണെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതവും മാന്യവുമായ തൊഴിലിടം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രത്യേക നിയമമാണിതെന്നത് ഹൈക്കോടതി അവഗണിച്ചുവെന്നും മഹാലക്ഷ്മി പവാനി വാദിച്ചു.ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയോ മഹാരാഷ്ട്ര, ഗോവ ബാർ കൗണ്‍സിലിലെയോ അംഗങ്ങളായ വനിതാ അഭിഭാഷകരുടെ പരാതികള്‍ക്ക് പോഷ് നിയമം ബാധകമല്ലെന്നായിരുന്നു നേരത്തെ ബോംബെ ഹൈക്കോടതി വിധിച്ചത്. തൊഴിലുടമ-ജീവനക്കാരൻ ബന്ധം ഉള്ളിടത്ത് മാത്രമേ ഈ നിയമം ബാധകമാകൂ എന്നും ബാർ കൗണ്‍സിലുകളെ അഭിഭാഷകരുടെ തൊഴിലുടമകളായി കണക്കാക്കാൻ കഴിയില്ലെന്നുമായിരുന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *