സ്ത്രീകളുടെ ചേലാകർമം അഥവാ സ്ത്രീ ജനനേന്ദ്രിയം ഛേദിക്കല്‍ (Female Genital Mutilation – FGM) നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു.ഇന്ത്യയില്‍ കൂടുതലായും ദാവൂദി ബോറ സമുദായത്തില്‍ നിലനില്‍ക്കുന്ന ഈ ആചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു എൻജിഒ ചേതന വെല്‍ഫെയർ സൊസൈറ്റി സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പ്രതികരണം തേടിയാണ് കേന്ദ്രത്തിനും മറ്റുള്ളവർക്കും നോട്ടീസ് നല്‍കിയത്.ഈ ആചാരം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ബിഎൻഎസിലെ 113, 118 (1), 118 (2), 118 (3) എന്നീ വകുപ്പുകള്‍ പ്രകാരം ഈ കർമം കുറ്റകരമാണ്. പോക്സോ നിയമത്തില്‍ പോലും, വൈദ്യേതര കാരണങ്ങളാല്‍ പ്രായപൂർത്തിയാകാത്തവരുടെ ജനനേന്ദ്രിയത്തില്‍ സ്പർശിക്കുന്നത് ലംഘനമാണ്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമായി ലോകാരോഗ്യ സംഘടന എഫ്ജിഎമ്മിനെ തരംതിരിച്ചിട്ടുണ്ടെന്നും ഹർജിയില്‍ പറയുന്നു. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നല്‍കുന്ന അടിസ്ഥാന ഉറപ്പുകളുടെ ലംഘനമാണ് ഈ ആചാരങ്ങള്‍ എന്നും ഹർജിയില്‍ പറയുന്നു.
സ്ത്രീകളുടെ ചേലാകര്‍മം: ഹർജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി
