കേരളത്തിലെ എസ്‌ഐആര്‍ നടപടി ഉടൻ സ്റ്റേ ചെയ്യണം; SIRനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍

കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ് ഐ ആർ നടപടികളില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർ തന്നെ ദിവസവും സമീപിക്കുന്നതായി ചാണ്ടി ഉമ്മൻ എം.എല്‍.എ.വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം കോടതിയെ സമീപിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ 61, 67, 92 നമ്ബർ ബൂത്തുകളില്‍ എസ്.ഐ.ആർ. ഫോം വിതരണം പൂർത്തിയായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.എങ്കിലും ഇതുവരെയും ഫോം ലഭിക്കാത്ത നിരവധി വോട്ടർമാർ മണ്ഡലത്തിലുണ്ട്. ഇവരുടെ പേരുകള്‍ കോടതിക്ക് കൈമാറാൻ തയ്യാറാണ് എന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്.ഐ.ആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ ഹർജിയിലാണ് ചാണ്ടി ഉമ്മൻ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേനയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.നിലവില്‍ നടക്കുന്ന എസ്.ഐ.ആർ. നടപടി എം.എല്‍.എ. കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, മണ്ഡലത്തിലെ വോട്ടർമാരുടെ പരാതികള്‍ നിരന്തരം ലഭിക്കുന്ന സാഹചര്യത്തില്‍ ഹർജിയില്‍ തനിക്കും പങ്കാളിയാകേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മൻ കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *