വിരമിച്ച ജീവനക്കാരുടെ പെൻഷൻ അനൂകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കെഎസ്ആര്‍ടിസിയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി.കെഎസ്ആര്‍ടിസി എന്തുകൊണ്ട് നഷ്ടത്തില്‍ ഓടുന്നുവെന്നും നഷ്ടം സഹിച്ച് എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നവെന്നും സുപ്രീംകോടതി ചോദിച്ചു. ഇതേ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യബസ് സർവീസുകള്‍ ലാഭത്തില്‍ പ്രവർത്തിക്കുമ്പോള്‍ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എന്തുകൊണ്ട് ഇത്രയും നഷ്ടത്തിലാകുന്നതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പിഎഫ് തുക ജീവനക്കാരുടെ അവകാശമാണെന്നും അത് സ്ഥാപനം നല്കുന്ന ചാരിറ്റിയല്ലെന്നും കോടതി വ്യക്തമാക്കി.കെഎസ്ആര്‍ടിസിയിലെ പെൻഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുണ്ട്. പെൻഷൻ വിതരണത്തില്‍ സീനിയോറിറ്റി അടക്കം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെൻഷൻ വിതരണത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ലാഭം മാത്രം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും കളക്ഷൻ കുറഞ്ഞ റൂട്ടുകളിലും പൊതുജനതാല്പര്യാർത്ഥം ബസ് ഓടുന്നുണ്ടെന്നും കെഎസ്ആര്‍ടിസിയ്ക്കായി ഹാജരായ അഭിഭാഷകൻ അബിദ് അലി ബീരാൻ, സ്റ്റാൻഡിംഗ് കൌണ്‍സല്‍ പ്രണവ് കൃഷ്ണ, എന്നിവർ കോടതിയില്‍ മറുപടി നല്കി. സ്ഥാപനത്തില്‍ നിന്ന് വെഹിക്കിള്‍ ഇൻസ്പെക്ടറായി വിരമിച്ച പ്രദീപ് നായർ എന്ന ജീവനക്കാരന്റെ അനൂകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഇടപെടല്‍.
‘എന്തുകൊണ്ട് നഷ്ടത്തില്‍ ഓടുന്നു? സ്വകാര്യ ബസ് സര്‍വീസുകള്‍ ലാഭത്തിലല്ലേ?’; കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി
