ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.ശബരിമല വിഷയത്തിന് പുറമെ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ പ്രവേശം, ഷിയാ മുസ്‌ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഇന്നേക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. ഹർജികള്‍ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 2018 സെപ്തംബർ 28ന് എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചില്‍ അന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്.
ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
