കെ – ടെറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി

അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ (K-TET) നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ റിവ്യൂ ഹർജി ഫയല്‍ ചെയ്തതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.കേരളത്തെ പ്രത്യേകമായി കേള്‍ക്കണം എന്നാണ് ഹർജിയിലെ ആവശ്യം.കെ – ടെറ്റിന് തുല്യമായ യോഗ്യതയുള്ള നിരവധി അധ്യാപകരുള്ള സംസ്ഥാനമാണ് കേരളം. ഇവർക്ക് അതിനു തുല്യമായ പരിഗണന നല്‍കണം. ഇതിന് ആവശ്യമായ പരിശോധന നടത്താൻ സുപ്രീംകോടതി തയ്യാറാകമെന്നും കേരളം ഹർജിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയിരിക്കുന്നത്.നിലവിലെ വിധി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ ഏകദേശം 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കെ-ടെറ്റ് നിലവില്‍ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അതിനാല്‍ തന്നെ, കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം കേരളത്തിന്റെ സാഹചര്യത്തില്‍ നിലനില്‍ക്കില്ല.2012-ല്‍ കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസില്‍ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍, 2012 മാർച്ച്‌ 31-ന് മുൻപ് സർവീസില്‍ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുത് എന്നും വിരമിക്കല്‍ വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകള്‍ ഉള്ള അധ്യാപകർക്ക് കെ-ടെറ്റില്‍ നിന്നും സ്ഥിരമായി ഇളവ് നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സർവീസിലുള്ള അധ്യാപകർക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് കെ-ടെറ്റ് തടസമാകുന്ന സാഹചര്യം ഒഴിവാക്കണം. 2010-ലെ നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചർ എഡ്യൂക്കേഷൻ വിജ്ഞാപനത്തിന് മുൻപ് നിയമിതരായവർക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നതാണ് നിലവിലെ വിധി.അധ്യാപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ റിവ്യൂ ഹർജിയിലൂടെ അധ്യാപകർക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *