കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ലാംഗയ്ക്ക് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.കഴിഞ്ഞ ഡിസംബര്‍ 15-ന് അനുവദിച്ച ഇടക്കാല ജാമ്യം ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന തന്റെ കേസിനെക്കുറിച്ച് പത്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ ലേഖനങ്ങള്‍ എഴുതാന്‍ പാടില്ല. കേസിന്റെ വിചാരണ പ്രത്യേക കോടതി ദിവസേന നടത്തണം. ഒമ്പത് സാക്ഷികളുടെ മൊഴികള്‍ വേഗത്തില്‍ രേഖപ്പെടുത്താന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കി.വിചാരണ തടസ്സപ്പെടുത്തുന്ന രീതിയില്‍ അവധി അപേക്ഷകള്‍ നല്‍കാന്‍ പാടില്ല. കേസ് നടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കണം. പ്രതിയുടെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.2024 ഒക്ടോബറില്‍ ജിഎസ്ടി തട്ടിപ്പ് കേസിലാണ് ലാംഗയെ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ 2025 ഫെബ്രുവരിയില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.മാധ്യമപ്രവര്‍ത്തകര്‍ പണം തട്ടുന്നതിനായി ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. എന്നാല്‍, മാധ്യമപ്രവര്‍ത്തകന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായി.നേരത്തെ ഗുജറാത്ത് ഹൈക്കോടതി ലാംഗയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍, പ്രത്യേക കോടതിയില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മാധ്യമപ്രവര്‍ത്തകൻ മഹേഷ് ലാംഗയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; കര്‍ശന ഉപാധികളോടെ നടപടി
