വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി.നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്കി വിവാഹിതയായ ഒരു വനിതാ സഹപ്രവർത്തകയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസില്‍ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ സുപ്രിംകോടതി വ്യാഴാഴ്ച റദ്ദാക്കി.”വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടു എന്ന വസ്തുത എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി പലതവണ തീർപ്പുകല്‍പ്പിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനം നല്കിയിട്ടുണ്ടെങ്കില് മാത്രമേ ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാൻ കഴിയൂ.അപ്പീലിനെതിരെയുള്ള ബലാത്സംഗക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.2022 സെപ്തംബര്‍ മുതല്‍ അഭിഭാഷകൻ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചിരുന്നതായും 33കാരിയായ അമ്മയും അഭിഭാഷകയുമായ പരാതിക്കാരി ആരോപിക്കുന്നു. 2025 ജനുവരി വരെ ഈ ബന്ധം തുടർന്നുവെന്നും അതിനിടയില്‍ താൻ ഗർഭിണിയായെന്നും ഗർഭഛിദ്രത്തിന് വിധേയയായെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ യുവതി നിയമപരമായി വിവാഹിതയായിരുന്നുവെന്നും നിരീക്ഷിച്ചു. പകരം കൃത്യമായി ബോധ്യമുള്ള വിദ്യാസമ്പന്നരായ രണ്ട് പേര് പേര് തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധമാണിതെന്നും ചൂണ്ടിക്കാട്ടി.
‘വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രീംകോടതി
