അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു.തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ് ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത വക്കാലത്തും അഫിഡവിറ്റും വ്യാജമെന്നും ആരോപണം. യുക്രൈനില്‍ നിന്നും ഫയല്‍ ചെയ്ത ഹർജിയിലെ രേഖകള്‍ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ പരാമർശിച്ച് അതിജീവിത സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം സമർപ്പിച്ചു.അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയ്ക്കായി അധിക സത്യവാങ്മൂലം സമർപ്പിച്ചത്. ദീപ ജോസഫിന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നല്‍കിയത്. സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ സംബന്ധിച്ച് അഭിഭാഷകൻ പ്രതികരിക്കുമെന്നാണ് ദീപ ജോസഫിന്റെ മറുപടി. സാമൂഹിക മാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ദീപ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു.അതിനിടെ ഒന്നിലേറെ ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയില്‍ ഘടക കക്ഷികള്‍ക്കും സമാന നിലപാടാണ്.രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്കിയ ഡി കെ മുരളിയുടെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ഈ മാസം 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദ്ദേശം നല്കി. മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ ഉന്നയിച്ചു. രാഹുലിന്റെ കേസുകള്‍ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നല്‍കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളന കാലത്ത് അന്തിമ നടപടിയുണ്ടാകില്ല. രാഹുലിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.
ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു
