തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

എസ്‌ഐആർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. എസ്‌ഐആറിനെതിരെ മുസ്ലിംലീഗും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.എസ്‌ഐആർ നടപടികള്‍ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയാണ് പരിഗണിക്കുന്നതെന്നും സുപ്രിംകോടതിയെ സമീപിക്കാനും നല്‍കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാർ ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.ചീഫ് സെക്രട്ടറി എ ജയ തിലകാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആർ നടപടികള്‍ നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടു പോകുന്നതിനാല്‍ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപ്രതിനിധികള്‍ക്കും വലിയ പ്രതിസന്ധിയാണ് ഈ ഘട്ടത്തില്‍ എസ്‌ഐആർ ഉണ്ടാക്കുന്നത് എന്നാണ് സർക്കാർ നിലപാട്.ബിഎല്‍ഓമാരുടെ ജോലിഭാരം സംബന്ധിച്ച്‌ ഉയർന്ന വിമർശനങ്ങളും സർക്കാർ ഉന്നയിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാവുന്നതാണെന്നും ഒന്നിച്ച്‌ പരിഗണിക്കുമെന്നും സുപ്രീംകോടതി ബീഹാറിന്റെ വിഷയത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.എസ്‌ഐആറുമായി ബന്ധപ്പെട്ട നിരവധി ഹർജികള്‍ നിലവില്‍ കോടതിക്കു മുന്നിലുണ്ട്. സമാന ആവശ്യവുമായി മുസ്ലിം ലീഗ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ബിഎല്‍ഓ അനീഷിന്റെ മരണം ഉള്‍പ്പെടെയുള്ളവ ലീഗ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഡിസംബർ നാലുവരെയാണ് കേരളത്തില്‍ എസ്‌ഐആറിന്റെ പ്രാഥമിക നടപടികള്‍ പൂർത്തിയാക്കാനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *