ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാൻ തയ്യാറല്ലെങ്കില്‍ രാജ്യം വിട്ടുപോകാമെന്ന് സോഷ്യല്‍ മീഡിയ ഭീമന്മാരായ വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി.ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വാട്സാപ്പിന്റെ വിവാദമായ 2021-ലെ സ്വകാര്യതാ നയവുമായി (Privacy Policy) ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മെറ്റയുമായി പങ്കുവെക്കുന്നതിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മെറ്റയും വാട്സാപ്പും നല്‍കിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.വാട്സാപ്പ് വിവരങ്ങള്‍ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. “രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല. ഇവിടുത്തെ നിയമങ്ങള്‍ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം വിട്ടുപോകാം,” എന്ന് കോടതി കർശനമായി പറഞ്ഞു.വിഷയത്തില്‍ വിശദമായ വാദം കേട്ട സുപ്രീം കോടതി, കേസില്‍ ഫെബ്രുവരി 10-ന് അന്തിമ ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്താൻ കമ്പനികള്‍ നിർബന്ധിതരാകുമോ എന്ന് അന്നറിയാം.
‘നിയമം പാലിക്കാനാവില്ലെങ്കില്‍ ഇന്ത്യ വിടാം’; വാട്സാപ്പിനോട് സുപ്രീം കോടതി
