കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്പയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ.സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നല്കിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശില്പ അടക്കം എതിർകക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്കി. കേസില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. കര്‍ണാടക സ്വദേശിനിയായ ഡി ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കഴിഞ്ഞ ജൂലായില്‍ കേഡർ മാറ്റത്തിന് ഉത്തരവിട്ടത്.
കേഡർ നിർണയത്തില്‍ പിഴവുണ്ടായെന്ന് വാദംകര്ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇതിനിടെയാണ് കേന്ദ്രം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഡി ശില്പയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ശില്‍പ്പ ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ശില്പയെ കര്‍ണാടക കേഡറിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്.
