ആര്‍ടിഐ നിയമഭേദഗതിക്കു സ്റ്റേയില്ല; കേന്ദ്രത്തിനു നോട്ടീസ്

ഡിജിറ്റല്‍ ഡാറ്റാ സംരക്ഷണത്തിലൂടെ (ഡിപിഡിപി) വിവരാവകാശ നിയമത്തില്‍ (ആർടിഐ) ഭേദഗതി വരുത്തിയതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.വിഷയം സങ്കീർണവും അതീവ സംവേദനക്ഷമതയുമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്.വിഷയം ഇരുഭാഗങ്ങളിലെയും മൗലികാവകാശങ്ങളെ സ്പർശിക്കുന്നതാണെന്നു വ്യക്തമാക്കിയ പരമോന്നത കോടതി വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്.ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകള്‍ വിവരാവകാശ നിയമപ്രകാരം തേടുന്ന ‘വ്യക്തിഗത’ സ്വഭാവമുള്ള വിവരങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകരും സംഘടനകളും സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകള്‍ ആർടിഐയുടെ ഭേദഗതിക്കു കാരണമാകുന്നതിനാല്‍ ഡിപിഡിപിയുടെ ഭരണഘടനാസാധുതയെയും ഹർജികളില്‍ ചോദ്യം ചെയ്തു.ഹർജിക്കാരിലൊരാള്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആർടിഐയും സ്വകാര്യതയും തമ്മില്‍ സന്തുലിതമാക്കുന്നതിനുള്ള ചട്ടക്കൂട് ഇതിനോടകം സുപ്രീംകോടതി തയാറാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ നിയമചട്ടക്കൂട് പുതിയതും ആഴത്തിലുമുള്ള വിശകലനത്തിനു വിധേയമാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീംകോടതി ഇനി മാർച്ചില്‍ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *