സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമമായിത്തന്നെ കണക്കാക്കണം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗത്തിന് തയ്യാറെടുപ്പെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി.പാന്റിന്റെ വള്ളി അഴിക്കുന്നതും, സ്ത്രീകളെ ശരീരികമായി പീഡിപ്പിക്കുന്നതും ബലാത്സംഗ ശ്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2025 മാർച്ച്‌ 17ന് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച്‌ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ബലാത്സംഗ ശ്രമമല്ലെന്നും സ്ത്രീയുടെ ലജ്ജാഭംഗം വരുത്തുന്ന കുറ്റമായി മാത്രമേ കാണാനാകൂവെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുപ്രീം കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു.’We the Women’ എന്ന എൻജിഒയുടെ സ്ഥാപകയും മുതിർന്ന അഭിഭാഷകയുമായ ശോഭ ഗുപ്ത അയച്ച കത്തിന്റെയും തുടർനടപടിയായാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരും ഉണ്ടായിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിധി പറയുമ്പോള്‍ ജഡ്ജിമാർ കൂടുതല്‍ കരുണയും അനുഭാവവും കാണിക്കണമെന്നും കോടതി നിർദേശിച്ചു. ഒരു കേസിലെ യാഥാർത്ഥ്യങ്ങളും, ഇരയുടെ ദുർബലതകളും മനസിലാക്കാതെ ഒരു വിധിയും പൂർണ്ണ നീതി നല്‍കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ, ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ കൂടുതല്‍ മാനുഷികമായ പരിഗണന നല്‍കുന്ന മാർഗനിർദേശങ്ങള്‍ തയ്യാറാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.ഇതിനായി ദേശീയ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടർ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച്‌ സമഗ്ര റിപ്പോർട്ട് തയ്യാറാക്കാനും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *