ന്യൂഡൽഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. 14 വര്‍ഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രിം കോടതി തീരുമാനമെടുത്താല്‍ ഹര്‍ജിക്കാരെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കും. പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ അപ്പീലിന് ഇല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
