ഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു പ്രത്യേക വിഭാഗത്തിന് നേരെ തോക്ക് ചൂണ്ടി വെടിയുതിര്‍ക്കുന്ന തരത്തിലുള്ള വിവാദ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. പരാതിക്കാര്‍ക്ക് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാമെന്നും അവിടെ ഹര്‍ജി നല്‍കിയാല്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എല്ലാ കാര്യങ്ങളും നേരിട്ട് സുപ്രീം കോടതിയിലേക്ക് കൊണ്ടുവരുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു. ‘എന്തുകൊണ്ടാണ് നിങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ പോകാത്തത്? ഹൈക്കോടതിയുടെ അധികാരത്തെ കുറച്ചുകാണരുത്.’ – ബെഞ്ച് ചോദിച്ചു.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം കാര്യങ്ങള്‍ കോടതിയിലെത്തുന്നത് ഒരു പതിവായി മാറുകയാണെന്നും ഭരണഘടനാപരമായ ധാര്‍മ്മികത പാലിക്കാന്‍ കക്ഷികള്‍ തയ്യാറാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.ഫെബ്രുവരി 7-നാണ് അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. താടിയുള്ള ഒരാള്‍ക്കും തൊപ്പി ധരിച്ച ഒരാള്‍ക്കും നേരെ മുഖ്യമന്ത്രി തോക്ക് ചൂണ്ടി വെടിയുതിര്‍ക്കുന്ന രീതിയിലായിരുന്നു വീഡിയോ. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നു എന്ന വ്യാപകമായ പരാതിയെത്തുടര്‍ന്ന് പിന്നീട് ബിജെപി ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു.സിപിഐ എം നേതാക്കളും ആനി രാജയുമാണ് ഹര്‍ജി നല്‍കിയത്. ഹിമന്ത ബിശ്വ ശര്‍മ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ആളാണെന്നും ഇതില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരം പരാതികള്‍ ആദ്യം ബന്ധപ്പെട്ട ഹൈക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന കര്‍ശന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി; ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
