തെരഞ്ഞെടുപ്പുകളിൽ നോട്ട (NOTA – None of the Above) ഏർപ്പെടുത്തിയത് രാജ്യത്തെ ജനപ്രതിനിധികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടോ എന്ന് സുപ്രീം കോടതി. ഏകസ്ഥാനാർത്ഥി മാത്രം മത്സരിക്കുന്ന മണ്ഡലങ്ങളിലുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും നോട്ട നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്.ഇന്ത്യയിലെ വിദ്യാ സമ്പന്നരും സമ്പന്നരുമായ വിഭാഗങ്ങൾക്കിടയിൽ വോട്ടിംഗ് ശതമാനം കുറവാണെന്നും എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ വോട്ടെടുപ്പിൽ കൂടുതൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.നോട്ട വന്നതുകൊണ്ട് തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ നിലവാരത്തിൽ മാറ്റമുണ്ടായോ എന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു. ജനങ്ങൾ വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശിക്ഷാനടപടികളില്ലാത്ത നിർബന്ധിത സംവിധാനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.ഗ്രാമീണ മേഖലകളിൽ സ്ത്രീകൾ കൂട്ടമായി പാട്ടുപാടി വോട്ട് ചെയ്യാൻ പോകുന്നത് ആശ്വാസകരമായ കാഴ്ചയാണെന്നും കോടതി പറഞ്ഞു. രാജ്യത്ത് വനിതാ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി കൂട്ടിച്ചേർത്തു.
‘നോട്ട’ നേതാക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയോ എന്ന് സുപ്രീം കോടതി
