അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുറംചട്ടയില്‍ എഴുത്തുകാരി സിഗരറ്റ് വലിക്കുന്ന ചിത്രം ചേർത്തത് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.ചീഫ് ജസ്ററിസ് സൂര്യകാന്ത് ഉള്‍പ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. പുറംചട്ടയിലെ ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്നും, അത് പുസ്തകത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതേ വിഷയത്തില്‍ നേരത്തെ കേരള ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിരുന്നത്. പുകവലിക്കുന്ന ചിത്രം കവർ പേജില്‍ ഉള്‍പ്പെടുത്തിയതിന്‍റെ പേരില്‍ അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’എന്ന പുസ്തകത്തിന്‍റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.എന്നാല്‍ ഹർജി ഹൈക്കോടതി തള്ളുകയാണ് ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു തീരുമാനം. അരുന്ധതി റോയി പുകവലിക്കുന്ന ചിത്രമടങ്ങിയ കവർ പേജില്‍ ‘ പുകവലി ആരോഗ്യത്തിന് ഹാനികര’ മെന്ന മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പൊതുതാല്‍പര്യ ഹർജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹർജിക്കാരന് കേരള കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പുസ്തകത്തില്‍ പുകവലി ചിത്രം ഉപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്നും പുറം ചട്ടയില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് കോടതിയെ അറിയിക്കുകയും ചെയ്തു.എന്നാല്‍ പുസ്തകത്തിന് പിന്നിലെ മുന്നറിയിപ്പ് നിയമപരമായ മുന്നറിയിപ്പല്ല എന്നാണ് ഹർജിക്കാരന്‍റെ വാദം. പുകവലിക്കെതിരായ മുന്നറിയിപ്പ് നല്‍കേണ്ട രീതിയല്ല ഇത് നല്‍കിയിരിക്കുന്നതെന്നും ഹൈക്കോടതി ഈക്കാര്യം പരിശോധിച്ചില്ല, വ്യക്തമായ രീതിയില്‍ മുൻചട്ടയില്‍ തന്നെ മുന്നറിയിപ്പ് നല്‍കണം. ‘മദർ മേരി കംസ് ടു മി’യുടെ വില്‍പ്പന തടയണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ സുപ്രീംകോടതിയും ഹർജി തള്ളി.
പുകവലിക്കുന്ന ചിത്രം കവര്‍ പേജില്‍; അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി
