പറവൂർ : ദേശീയപാത 66 മൂത്തകുന്നം-ഇടപ്പള്ളി റീച്ചിൽ ചിറ്റാറ്റുകരയിൽ അടിപ്പാത വേണമെന്ന ആവശ്യത്തിന്മേൽ എട്ടാഴ്ചയ്ക്കകം നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഇതുസംബന്ധിച്ച നിർദേശം പരിഗണിച്ചു വേണം നടപടിയെടുക്കാൻ.ഇക്കാര്യത്തിൽ സാങ്കേതികമായ നിർമാണസാധ്യത കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറി ദേശീയപാത അതോറിറ്റിക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നുകാട്ടി ജനകീയ സമരസമിതി ചെയർമാൻ എൻ.എം. പിയേഴ്‌സൺ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ചാണ് എൻ.എച്ച്. അതോറിറ്റി റീജണൽ ഓഫീസിന് നിർദേശം നൽകിയത്. നിലവിലെ രീതിയിൽ ദേശീയപാത നിർമാണം പൂർത്തിയായാൽ ചിറ്റാറ്റുകര -പൂയപ്പിള്ളി പ്രദേശത്തെ പാത അടഞ്ഞുപോകും. അയ്യായിരത്തോളം വരുന്ന നാട്ടുകാർ ദുരിതത്തിലുമാകും. നിലവിലെ അലൈൻമെന്റിൽ മാറ്റംവരുത്താതെതന്നെ സ്മോൾ വെഹിക്കിൾ അണ്ടർപാസ് നിർമിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. അടിപ്പാതയുടെ നിർമാണപ്രവർത്തനം തുടങ്ങുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് എൻ.എം. പിയേഴ്സൺ പറഞ്ഞു
ചിറ്റാറ്റുകരയിൽ അടിപ്പാത; നടപടി വേണമെന്ന് കോടതി
