തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ തന്ത്രി തലവനായ സമിതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്ബൂതിരി, കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്ബൂതിരി, പഴങ്ങാപറമ്ബ് ഉണ്ണിക്കൃഷ്‌ണന്‍ നമ്ബൂതിരി, ചെറുവള്ളി ഈശ്വരന്‍ നമ്ബൂതിരി എന്നിവരാണ് സമിതിയിലുള്ളത്.മൃണ്‍മയം കൂട്ട് ഉപയോഗിച്ച് നിര്‍മിച്ച മൂലബിംബത്തിനു ചൂടും കാലപ്പഴക്കവും മൂലം കേടുപാടുകളുണ്ട്. മൂലബിംബം അനന്തദേഹവുമായി ചേരുന്ന ഭാഗം തേച്ച് ശരിയാക്കണം. ബ്രഹ്‌മാവ്, നാഭീബന്ധം, കാല്‍പ്പാദങ്ങള്‍, വിരല്‍ എന്നിവ അടര്‍ന്നത് ഉറപ്പിക്കണം. ഇവയിലെല്ലാം മൃത്ത് ലേപനം ചേര്‍ത്ത് അടയ്‌ക്കണം. വെള്ളി, സ്വര്‍ണ അങ്കികള്‍ ആണിയടിച്ച് ഉറപ്പിച്ചതിലെ ക്ഷതവും കണ്ടെത്തി. ആണി അടിക്കുന്നത് ഒഴിവാക്കണം.ബിംബത്തിന്റെ വലത്തേ താടിയുടെ ഭാഗത്തുള്ള ന്യൂനത പരിഹരിക്കണം. മൂലബിംബത്തിലെ അലങ്കാരം, തോള്‍വള, കൈവള, ഉടയാട, പൂണൂല്‍, കവചകുണ്ഡലങ്ങള്‍ എന്നിവയുടെ മാതൃക മെഴുകില്‍ ഉണ്ടാക്കി സൂക്ഷിക്കണം. നിര്‍മാണസാമഗ്രികളുടെ അളവ് രണ്ടാഴ്‌ചയ്‌ക്കകം നല്‍കും. കല്‍ക്കം, ലേപനം എന്നിവ പുതിയത് തയാറാക്കണമെന്നും ശ്രീകോവിലിനുള്ളില്‍ കുമ്മായം പൂശണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൂലബിംബ അറ്റകുറ്റപ്പണി: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
