ചികിത്സാ ചിലവിനെച്ചൊല്ലിയുള്ള തർക്കം; അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ് ശിക്ഷ

ചികിത്സാ ചിലവുകൾ നൽകാൻ കഴിയാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 80 വയസ്സുള്ള അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് സെഷൻസ് കോടതി. 2018-ൽ ദഹിസറിലെ ഒരു ചാളിൽ നടന്ന ദാരുണമായ കൊലപാതകത്തിലാണ് 52 വയസ്സുകാരനായ യോഗേഷ് ഷെനോയിയെ കോടതി ശിക്ഷിച്ചത്.ജോലിയില്ലാത്ത ഷെനോയ് തന്റെ അമ്മ ലളിതയെ കൊലപ്പെടുത്താൻ മൂന്ന് ഘട്ടങ്ങളിലായാണ് ശ്രമം നടത്തിയതെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. ആദ്യം 30 ഉറക്കഗുളികകൾ കലർത്തിയ പാൽ നൽകുകയും, അതിൽ മരിക്കാതിരുന്നപ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.ഒടുവിൽ ഒരു പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്താണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് ശേഷം പിറ്റേന്ന് രാവിലെ വരെ മൃതദേഹത്തിനൊപ്പം ഇരുന്ന പ്രതി തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അജ്ഞാതനായ ആരോ ആണ് കൊലപാതകം നടത്തിയതെന്ന പ്രതിയുടെ വാദം ജഡ്ജി എം. മൊഹിയുദ്ദീൻ എം.എ തള്ളി. അജ്ഞാതനായ ആരോ തന്റെ അമ്മയെ കൊലപ്പെടുത്തിയെന്ന് കാണിച്ച് ഷെനോയ് തന്നെയാണ് പൊലീസിനെ വിളിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.ഇത്തരമൊരു സംഭവം നടന്നാൽ പ്രതി ആദ്യം സഹായത്തിനായി അയൽക്കാരെ വിളിക്കുമായിരുന്നുവെന്നും അമ്മയെ രക്ഷിക്കാൻ ആശുപത്രിയിൽ എത്തിക്കുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പെരുമാറ്റം ഒട്ടും സ്വാഭാവികമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവസമയത്ത് പ്രതി മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും വസ്ത്രത്തിലും ആയുധത്തിലും രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുമാണ് കുറ്റം തെളിയിക്കാൻ സഹായകമായത്.പിതാവും സഹോദരനും നേരത്തെ മരിച്ചിരുന്നു. 2011-ൽ ഭാര്യ ഉപേക്ഷിച്ചു പോയത് ഷെനോയിയെ വിഷാദത്തിലാക്കി. അമ്മയുടെ വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാത്തത് ഇവർക്കിടയിൽ പതിവായി തർക്കങ്ങൾക്ക് കാരണമായിരുന്നു. വീട്ടുതർക്കം കാരണമാണ് താൻ അമ്മയെ കൊന്നതെന്ന് ഷെനോയ് തന്നോട് പറഞ്ഞതായി അയൽക്കാരൻ മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *