നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതം ചെയ്ത് നിർമാതാവ് ജി. സുരേഷ് കുമാർ. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നു എന്ന് സുരേഷ് കുമാർ പറഞ്ഞു. ദിലീപിനെ കേസിൽ കുരുക്കിയതാണെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നും സുരേഷ് കുമാർ വെളിപ്പെടുത്തി. കേസിൽ വിധി വന്നതിന് പിന്നാലെ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.സുരേഷ് കുമാറിന്റെ വാക്കുകൾ: ‘നല്ല വിധിയാണ് വന്നിരിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നു. ഇതൊന്നും സത്യമല്ലെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും ദിലീപിനെ കുരുക്കിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അന്നുമുതലേ സത്യം എല്ലാവർക്കും അറിയാം. പക്ഷേ ചിലയാളുകളുടെ താത്പര്യ പ്രകാരമാണ് കാര്യങ്ങൾ ഈ രീതിയിൽ കൊണ്ടുവന്നത്. അത് ശരിയായ നടപടിയല്ല. സിനിമയിലുള്ള ചിലരും പൊലീസിലെ ചില ആളുകളും ഇതിന്റെ ഭാഗമായി. അവരുടെ ആരുടെയും പേര് പറയാൻ എനിക്ക് താത്പര്യമില്ല. ഇപ്പോൾ ദിലീപിനെ വെറുതെ വിട്ടു. ഈ അനുഭവിച്ചതിനൊക്കെ ആര് സമാധാനം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ നമുക്കറിയാം. കുഞ്ഞിനെ വരെ വേട്ടയാടിയ ദിവസങ്ങളുണ്ട്. അതിനു സ്കൂളിൽ പോലും പോകാൻ പറ്റാത്ത സാഹചര്യത്തിൽ മദ്രാസിലേക്കു മാറേണ്ടി വന്നു.
സിനിമയിലുള്ള ചിലരും ദിലീപിനെതിരെ ഗൂഢാലോചന നടത്തി: വിധിയെ സ്വാഗതം ചെയ്ത് സുരേഷ് കുമാർ
