ന്യൂഡല്‍ഹി: 13 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആശങ്കകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വര്‍ധനവിന് കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.