കൊച്ചി:കോളേജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ട ഏഴുലക്ഷം നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി.നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടതിനെതിരേ സർക്കാർ നൽകിയ ഹർജിയിലെ തീർപ്പിന് വിധേയമായി തുക പിൻവലിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇതിനെ സർക്കാർ എതിർത്തെങ്കിലും ഹർജിയിലെ തീർപ്പിന് വിധേയമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.ഹർജിയിൽ കക്ഷിചേർന്ന സിദ്ധാർഥൻ മാതാവ് എം.ആർ. ഷീബ സത്യവാങ്മൂലം ഫയൽ ചെയ്തു. സിദ്ധാർഥൻ മരണത്തിന് ഉത്തരവാദികളായവർ ഇപ്പോഴും മനുഷ്യത്വ രഹിതമായിട്ടാണ് പെരുമാറുന്നതെന്ന് ഇതിൽ ആരോപിക്കുന്നു. തങ്ങൾക്ക് മകനെ നഷ്‌ടപ്പെട്ടതിനെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ട നഷ്ടപരിഹാരത്തിലൂടെ പരിഹരിക്കാം എന്നതരത്തിലാണ് അവർ പ്രചാരണം നടത്തുന്നത്.ഏഴുലക്ഷം നഷ്‌ടപരിഹാരം കൊണ്ട് നികത്താവുന്നതല്ല തങ്ങൾക്കുണ്ടായ നഷ്ടമെന്ന് സിദ്ധാർഥന്റെ അമ്മ വ്യക്തമാക്കി. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.സിദ്ധാർഥന്റെ മാതാപിതാക്കൾക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 2024 ഓക്ടോബർ ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്ത്‌ത് സർക്കാർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഉത്തരവ് ചോദ്യം ചെയ്യാൻ വൈകിയതിനെ തുടർന്നാണ് ഏഴുലക്ഷം ഹൈക്കോടതിയിൽ കെട്ടിവയ്ക്കാൻ സർക്കാരിനോട് നിർദേശിച്ചത്.
സിദ്ധാർഥൻ്റെ മരണം: കുടുംബത്തിന് നഷ്ടപരിഹാരത്തുക പിൻവലിക്കാൻ ഹൈക്കോടതിയുടെ അനുമതി
