ന്യൂഡൽഹി: രാജ്യത്തെ ഹൈകോടതികളിൽ ഉടനീളം ഏഴു ലക്ഷം ക്രിമിനൽ കേസ് പുനഃപരിശോധനാ ഹരജികൾ കെട്ടിക്കിടക്കുന്നതായും ഇതൊരു വലിയ പ്രശ്നമാണെന്നും അവ വേഗത്തിൽ കൈകാര്യം ചെയ്യാൻ എ.ഐ ടൂളുകളും ഡിജിറ്റൽ രേഖകളും ഉപയോഗിക്കണമെന്നും നിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി.കേസ് റെക്കോർഡുകളുടെ ഡിജിറ്റലൈസേഷൻ, അപ്പീലുകളിൽ വിചാരണ രേഖകൾ സ്വയമേവ ആവശ്യപ്പെടുന്നതിനുള്ള നടപടികളുടെ നിയമ ഭേദഗതികൾ, കോടതി രേഖകൾ വിവർത്തനം ചെയ്യുന്നതിനായി നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള വിവർത്തന ഉപകരണം, കേസിന്റെ തയ്യാറെടുപ്പ് കാര്യക്ഷമമാക്കുന്നതിന് എല്ലാ ഹൈകോടതികളിലും രജിസ്ട്രാർ (കോർട്ട് ആൻഡ് കേസ് മാനേജ്മെന്റ്) തസ്തിക എന്നിവയുൾപ്പെടെ നിരവധി നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചു.
ഒന്നിലധികം ബെഞ്ചുകളുള്ള ഹൈകോടതികൾ വിഡിയോ കോൺഫറൻസിങ് വഴി അപ്പീലുകൾ കേൾക്കുന്നത് പരിഗണിക്കുക, കുറഞ്ഞ കേസുകൾ മാത്രമുള്ള ബെഞ്ചുകൾ പ്രിൻസിപ്പൽ സീറ്റിനെ സഹായിക്കുക എന്നിങ്ങനെയുള്ള അമികസ് ക്യൂറിയുടെ നിർദേശങ്ങളും കോടതി അംഗീകരിച്ചു.ദീർഘകാലമായി അപ്പീലുകൾ കെട്ടിക്കിടക്കുന്ന കുറ്റവാളികൾക്ക് ജാമ്യം നൽകുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച ഹരജിയിൽ ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവും പുറപ്പെടുവിച്ചു. ‘നിശ്ചിതകാല തടവ്’ കേസുകളിൽ ഹൈകോടതികൾ സാധാരണയായി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്നും കോടതി ആവർത്തിച്ചു.നിശ്ചിത ശിക്ഷാ കാലയളവ് തടവുകളിൽ ‘അസാധാരണമായ സാഹചര്യങ്ങൾ’ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ സാധാരണയായി സി.ആർ.സി.പി സെക്ഷൻ 389 പ്രകാരംശിക്ഷ താൽക്കാലികമായി നിർത്തിവെക്കാനുള്ള അധികാരം ഉദാരമായി വിനിയോഗിക്കണമെന്ന് കോടതി സ്ഥിരമായി നിർദേശിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. ചില ഹൈകോടതികളിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ ധാരാളം അപ്പീലുകൾ വന്നതിൽനിന്ന് പ്രതികൾക്ക് ജാമ്യം നിഷേധിച്ചതായി കണക്കുകൾ കാണിക്കുന്ന പശ്ചാത്തലത്തിൽ ഇത് പ്രധാനമാണെന്നും കോടതി പറഞ്ഞു.
ക്രിമിനൽ അപ്പീലുകളുടെ തീർപ്പാക്കലിന്റെ അളവ്, ബെഞ്ച് ഘടന, പ്രതികളുടെ ജാമ്യ നില എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ സമർപിക്കാൻ കോടതി മുമ്പ് എല്ലാ ഹൈകോടതികളോടും നിർദേശിച്ചിരുന്നു.2025 മാർച്ച് 22 വരെയുള്ള കണക്കുകൾ പ്രകാരം ശിക്ഷിക്കപ്പെട്ടതിനും കുറ്റവിമുക്തരാക്കിയതിനുമെതിരായ ക്രിമിനൽ അപ്പീലുകളുടെ ആകെ എണ്ണം 7,24,192 ആണ്. അലഹബാദ് ഹൈകോടതിയിലാണ് ഏറ്റവും കൂടുതൽ അപ്പീലുകൾ- 2.77 ലക്ഷം. തൊട്ടുപിന്നാലെ മധ്യപ്രദേശ് ഹൈകോടതിയിലാണ് -1.15 ലക്ഷം. ചില ചെറിയ ഹൈകോടതികളിൽ പോലും ഉയർന്ന അപ്പീലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.പട്ന ഹൈകോടതിയിൽ 44,664 ഉം പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ 79,326 ഉം രാജസ്ഥാൻ ഹൈക്കോടതിയിൽ 56,455 ഉം ബോംബെ ഹൈക്കോടതിയിൽ 28,257 ഉം പുനഃപരിശോധനാ ഹരജികളുണ്ട്. ചെറിയ സംസ്ഥാനമായ ഛത്തീസ്ഗഡിൽ 18,000ത്തിലധികം അപ്പീലുകളാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.ഹൈകോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറക്കുന്നതിനായി അമികസ് ക്യൂറിയിലെ മുതിർന്ന അഭിഭാഷകരായ ലിസ് മാത്യു, ഗൗരവ് അഗർവാൾ എന്നിവർ നൽകിയ വിവിധ നിർദേശങ്ങൾ പരിഗണിക്കാൻ സുപ്രീംകോടതി എല്ലാ ഹൈകോടതികളോടും ആവശ്യപ്പെട്ടു.