യശ്വന്ത് വർമയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവം: പ്രതികരണവുമായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ

ന്യൂഡൽഹി: ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കെട്ടുകണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സമയബന്ധിതമായി അന്വേഷണം വേണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി. കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും, കോടതി നിയോഗിച്ച സമിതി മറുപടി നൽകണമെന്നും ഇന്ത്യ ടുഡേയോട് സംസാരിക്കവെ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. അതേസമയം വിഷയം പാർലമെന്റിൽ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.ജഡ്ജിയുടെ വീട്ടിൽ നിന്നും എത്ര പണം കണ്ടെത്തി , മുറി പൂട്ടിയിരുന്നോ, പൊലീസ് അടിസ്ഥാന നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നാണ് അഭിഭാഷകൻ മനു സിംഗ്വിയുടെ ആവശ്യം.

അന്വേഷണം ന്യായമായ സമയത്തിനുള്ളിൽ വേഗത്തിൽ അവസാനിപ്പിക്കണം. എന്നാൽ അന്വേഷണം ന്യായമായ നടപടിക്രമം പാലിച്ചുകൊണ്ടായിരിക്കണം. വിഷയത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി ചോദ്യങ്ങളുണ്ടെന്നും മനു സിംഗ്വി പറയുന്നു. വിഷയത്തിൽ പരിഗണിക്കേണ്ട സുപ്രധാന ഘടകങ്ങളുണ്ടെന്നാണ് അഭിഭാഷകൻ്റെ പക്ഷം. വാതിൽ തുറന്നിട്ടുണ്ടോ അടച്ചിട്ട നിലയിലായിരുന്നോ? തുറന്ന നിലയിലായിരുന്നെങ്കിൽ വാതിൽ എങ്ങനെ തകർന്നു, സാക്ഷികൾ ആരൊക്കെ, പണം എവിടെ നിന്നാണ് ലഭിച്ചത്, അതിന്റെ ഉത്ഭവം, ഇതെല്ലാം ശ്രദ്ധാപൂർവം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അന്വേഷിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *