ഡൽഹി: ഒരു സ്ത്രീയോട് ‘ഐ ലവ് യു’ എന്നു പറയുന്നതും അനുവാദമില്ലാതെ കൈയിൽ പിടിച്ചു വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരം ഇത് കുറ്റകരമാണെന്ന് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷി നിരീക്ഷിച്ചു.സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടിയുടെ കൈപിടിച്ചു വലിക്കുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്ത യുവാവിന്റെ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം പെരുമാറ്റം, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.വിചാരണക്കോടതി പ്രതിക്ക് മൂന്ന് വർഷത്തെ കഠിനതടവാണ് വിധിച്ചിരുന്നത്. എന്നാൽ സംഭവസമയത്ത് പ്രതിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായമെന്നതും, കൈപിടിച്ചു വലിച്ചതല്ലാതെ മറ്റ് അതിക്രമങ്ങൾ നടത്തിയിട്ടില്ലെന്നതും പരിഗണിച്ച് ഹൈക്കോടതി ശിക്ഷ ഒരു വർഷമായി കുറച്ചിട്ടുണ്ട്. നിലവിൽ ജാമ്യത്തിലുള്ള പ്രതി ഉടൻ കീഴടങ്ങണമെന്നും ബാക്കിയുള്ള ശിക്ഷാ കാലാവധി പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.അതേസമയം, വിചാരണക്കോടതി പ്രതിയെ പോക്സോ നിയമപ്രകാരവും ശിക്ഷിച്ചിരുന്നു. എന്നാൽ സംഭവദിവസം പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല എന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ പോക്സോ നിയമപ്രകാരമുള്ള ശിക്ഷ ഹൈക്കോടതി റദ്ദാക്കി. എന്നാൽ, ഐപിസി 354-ാം വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. സ്ത്രീയെ ആക്രമിക്കുകയോ മാന്യതയ്ക്ക് കളങ്കം വരുത്താൻ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നതിനുള്ള ശിക്ഷയാണ് ഐപിസി 354-ാം വകുപ്പ്.
ഐ ലവ് യു’ പറയുന്നതും കൈപിടിച്ചു വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കൽ: ഛത്തീസ്ഗഢ് ഹൈക്കോടതി
