”കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചു”: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി

ടെലിവിഷൻ ചർച്ചയില്‍ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താനെ ചെർ‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ്-ഒന്ന് കോടതി കുറ്റവിമുക്തനാക്കി. ആരോപണങ്ങള്‍ തെളിയിക്കാൻ ആവശ്യമായ പ്രധാന തെളിവുകള്‍ ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിക്കാതെ വന്നതിനെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന വിധി. വർഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് രാജ്‌മോഹൻ ഉണ്ണിത്താനു അനുകൂലമായ ഈ വിധി വന്നത്.

2017 ഒക്ടോബർ രണ്ട്, ചൊവ്വാഴ്ച മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത ‘കൗണ്ടർ പോയിന്റ്’ എന്ന ടെലിവിഷൻ പരിപാടിക്കിടെ രാജ്‌മോഹൻ ഉണ്ണിത്താൻ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തി എന്ന് ആരോപിച്ചാണ് കെ.പി. ശശികല കോടതിയെ സമീപിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ ‘വിഷജന്തു’ എന്ന് വിളിച്ചെന്നും, തൻ്റെ പ്രസംഗം ഒരു കുട്ടിയുടെ മരണത്തിന് കാരണമായെന്ന് കള്ളം പറഞ്ഞെന്നും കെ.പി. ശശികല പരാതിയില്‍ ആരോപിച്ചു. ഈ പരാമർശങ്ങള്‍ തന്റെ സല്‍പ്പേരിനും മാനസികാവസ്ഥയ്ക്കും വലിയ ദോഷമുണ്ടാക്കിയതായി അവർ പരാതിയില്‍ ബോധിപ്പിച്ചു. കേസില്‍, രാജ്‌മോഹൻ ഉണ്ണിത്താനാണ് ഒന്നാം പ്രതി. പരിപാടിയുടെ അവതാരകൻ രണ്ടാം പ്രതിയും, ചാനല്‍ മൂന്നാം പ്രതിയും ആയിരുന്നു. എന്നാല്‍ പിന്നീട്, കോടതി ഒന്നാം പ്രതിക്ക് എതിരെ മാത്രമാണ് നിയമനടപടികള്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *