ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരായ ‘ശിവലിംഗത്തിലിരിക്കുന്ന തേള്‍’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി. കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളില്‍ സമയം ചെലവഴിക്കേണ്ടതുണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞത്. 2018-ല്‍ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.’ഈ വിഷയത്തില്‍ എന്താണ് ഉളളത്? കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നിങ്ങള്‍ വലിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. എന്തിനാണ് കോടതിയെ ബുദ്ധിമുട്ടിക്കുന്നത് ‘- പരാതിക്കാരന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ അടുത്ത ആഴ്ച്ചയിലേക്ക് മാറ്റി.ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതുകൊണ്ട് കൈ ഉപയോഗിച്ച് എടുത്തുകളയാന്‍ കഴിയില്ല. അതേസമയം, ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല’-എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
തരൂരിന്റെ ‘നരേന്ദ്രമോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍’പരാമര്‍ശം:പ്രധാനപ്പെട്ട കാര്യങ്ങള്‍ നോക്കാനുണ്ടെന്ന് കോടതി
