ന്യൂഡൽഹി: തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് കേസിൽ തൽസ്ഥിതി തുടരാൻ സുപ്രിംകോടതി ഉത്തരവ്.പള്ളി കമ്മിറ്റി നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.സംഭൽ മസ്ജിദുമായി ബന്ധപ്പെട്ട കേസിന് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരമുള്ള തടസമില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി അപ്പീൽ നൽകിയത്.രാജ്യത്തെ ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി തുടരണമെന്നാണ് 1991ലെ നിയമം പറയുന്നത്. പുരാതന ആരാധനാലയങ്ങളിൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് ബാബരി മസ്ജിദിലെ അവകാശവാദത്തെ തുടർന്ന് നിയമം പാസാക്കിയത്.സംഭൽ മസ്ജിദിനെതിരായ കേസ് ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹമദി വാദിച്ചു.എന്നാൽ, ഹൈക്കോടതി വിധി ശരിയാണെന്നായിരുന്നു ഹിന്ദുത്വ പക്ഷത്തിന് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കർ ജെയ്നിൻ്റെ വാദം. ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷണത്തിലുള്ള സ്മാരകമായ സംഭൽ മസ്ജിദ് ആരാധനാലയ സംരക്ഷണ നിയമത്തിന് കീഴിൽ വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷണത്തിലുള്ള സ്മാരകങ്ങൾക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമല്ലെന്ന് മുമ്പ് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അയാൾ വാദിച്ചു. തുടർന്ന് ആ വിധിയുടെ പകർപ്പ് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്.
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
