ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് വിവാദ പ്രസംഗം നടത്തിയ ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ സ്വാമി ശാന്താനന്ദ മഹര്‍ഷിക്കെതിരെ പോലീസ് കേസെടുത്തു.ഹൈക്കോടതിയിലെ അഭിഭാഷകനും കെ.പി.സി.സി മീഡിയ പാനലിസ്റ്റുമായ അഡ്വ. വി.ആര്. അനൂപിന്റെ പരാതിയിലാണ് കേസ്. വാവര് സ്വാമിക്കെതിരെ ശാന്താനന്ദ മഹര്‍ഷി നടത്തിയ പ്രസ്താവനകള്‍ ഭക്തന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തി, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും സാമൂഹിക ഐക്യം ദുര്‍ബലപ്പെടുത്തി അക്രമ പ്രവണതകള്‍ക്ക് പ്രേരണ നല്‍കുന്നതുമാണെന്ന് കാണിച്ചാണ് പരാതി.സി.പി.എം ഏരിയാ കമ്മിറ്റിയംഗവും പന്തളം കൊട്ടാരം കുടുംബാഗവും കൂടിയായ എ.ആര്. പ്രദീപ് വര്‍മയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല അയ്യപ്പനുമായി ബന്ധമുള്ള വാവരെ മുസ്ലീം തീവ്രവാദിയായും അക്രമകാരിയായും ചിത്രീകരിച്ച് മതവിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതിയിലുള്ളത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി മന:പൂര്‍വം നടത്തിയ പ്രസംഗമാണ് സ്വാമിയുടേതെന്നാണ് പരാതി. രാജകുടുംബാംഗമായ തനിക്ക് അയ്യപ്പനും വാവരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തേക്കുറിച്ച് അറിയാമെന്നും പന്തളം കൊട്ടാരവും അയ്യപ്പക്ഷേത്രവും ഈ ബന്ധത്തെ അംഗീകരിച്ചാണ് ഇത്രയും കാലം ശബരിമല തീര്‍ഥാടനത്തിന് നേതൃത്വം നല്‍കിയതെന്നും ഇതാണ് പന്തളത്തിന്റെ മതേതര പാരമ്ബര്യമെന്നും പ്രദീപ് വര്‍മ പരാതിയില്‍ വ്യക്തമാക്കുന്നു. ഹിന്ദു-മുസ്ലിം മതസൗഹാര്‍ദം തകര്‍ക്കാനാണ് പ്രഭാഷകന്‍ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആക്ടിങ് സെക്രട്ടറി എന്‍.സി. അബീഷും സ്വാമിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിവാദ പ്രസംഗം: സ്വാമി ശാന്താനന്ദ മഹര്‍ഷിക്കെതിരെ കേസെടുത്തു
