ശബരിമല സ്വര്‍ണക്കൊള്ള: സാമ്പിളുകളുടെ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍.ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്‌ഐടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനല്‍കി. കേസില്‍ എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.ഫെബ്രുവരിയിലാണ് സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഉത്തരവിട്ടത്. 36 സാമ്പിളുകളാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്.കൊടിമര പുനഃപ്രതിഷ്ഠയില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതി ദേവസ്വം ബെഞ്ച് അംഗീകരിച്ചു. കൊടിമര പുനപ്രതിഷ്ഠയ്ക്കായി ലഭിച്ചത് ആകെ 412.01 ഗ്രാം സ്വര്‍ണമാണ്. സംഭാവന നല്‍കിയവരോട് ചോദിച്ചപ്പോള്‍ ലഭിച്ചെന്ന് വ്യക്തമായത് 300 ഗ്രാം സ്വര്‍ണമാണ്. കൊടിമരം സ്ഥാപിച്ചതില്‍ ക്രമക്കേടോ വിശ്വാസ വഞ്ചനയോ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ പുനഃപ്രതിഷ്ഠയിലെ അന്വേഷണ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *