ശബരിമല സ്വർണക്കൊള്ള: ഇരട്ടപ്രഹരം; സർക്കാരിന് നെഞ്ചിടിപ്പേറ്റി കോടതി ഉത്തരവ്

തിരുവനന്തപുരം ∙ ആദ്യഘട്ടത്തിൽ ഹൈക്കോടതിയുടെ പ്രശംസ ഏറ്റുവാങ്ങിയ, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതികളിൽനിന്നു തന്നെ ഇരട്ട പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന ദിനമായിരുന്നു ഇന്നലെ. അന്വേഷണത്തിലെ വീഴ്ചകളും പക്ഷപാതിത്വവും ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോൾ എസ്ഐടിയുടെ കടുത്ത എതിർപ്പ് മറികടന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് കൊല്ലം വിജിലൻസ് കോടതി വഴിതുറന്നത്. രണ്ട് ഉത്തരവുകളും സംസ്ഥാന സർക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്. വൻ തിരിച്ചടിയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ ഇതിന്റെ പ്രത്യാഘാതങ്ങൾ രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിക്കുമെന്നുറപ്പ്.ശബരിമല സ്വർണക്കൊള്ളയിൽ പൊലീസ് സേനാംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമ്പോൾ തന്നെ പഴുതുകളില്ലാത്ത നിഷ്പക്ഷ അന്വേഷണം വേണമെന്നും മറുപടി പറയേണ്ടതു കോടതിയോടു മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം ഇഴയുന്നുവെന്നും ചിലരെയൊക്കെ രക്ഷിച്ചെടുക്കാൻ ശ്രമമുണ്ടെന്നും ഉത്തരവിലൂടെ തന്നെ സൂചിപ്പിക്കുകയായിരുന്നു ഇന്നലെ ഹൈക്കോടതി.സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാത്രം അറസ്റ്റ് ചെയ്യുകയും തുല്യ ഉത്തരവാദിത്തമുള്ള ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, പി.വിജയകുമാർ എന്നിവരുടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തതാണ് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  കഴിഞ്ഞ മാസം 20ന് പത്മകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം അടുത്തൊരു അറസ്റ്റ് ഉണ്ടായതു തന്നെ 3 ദിവസം മുൻപാണ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാറിനെ. 2 കേസുകളിലുമായുള്ള പകുതിയോളം പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടുമില്ല. വൻ തോക്കുകളിലേക്കും അന്വേഷണം നീളണമെന്ന് ഹൈക്കോടതി നിർദേശിച്ചതോടെ പുറത്തുവന്നവരെക്കാൾ പ്രമുഖരായവരും അണിയറയിൽ ഉണ്ടെന്ന സൂചനയാണു വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *