ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസില്‍ വിചാരണ തടവില്‍ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠര് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും കണ്ഠര് രാജീവര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും അചാരങ്ങള്‍ പാലിച്ച്‌ മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. പോറ്റിയുടെ ജാമ്യഹർജിയില്‍ കോടതി ബുധനാഴ്ച വിധി പറയും.അതേസമയം, സ്വർണക്കൊള്ള കേസില്‍, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാറിന് കട്ടിളപ്പടി, ദ്വാരപാലക ശില്‍പ കേസുകളില്‍ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കുറ്റുപത്രം 90 ദിവസത്തിനുള്ളില്‍ സമർപ്പിക്കാത്തതിനാലുള്ള സ്വഭാവിക ജാമ്യമാണ് സുധീഷ് കുമാറിന് ലഭിച്ചത്. ഇതേ കേസില്‍ നേരത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസില്‍ ജയില്‍ മോചിതനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സുധീഷ് കുമാർ.കുറ്റപത്രം മുൻപിലില്ലാത്ത കേസാണിതെന്നും സുധീഷ് കുമാറിന്റെ പങ്ക് പേരിന് മാത്രമാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എങ്കിലും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.രേഖകളില്‍ കൃത്രിമത്വം കാണിച്ച്‌ സ്വർണത്തിന് പകരം ചെമ്പ് പാളി എന്നെഴുതിച്ചേർത്തതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിച്ച്‌ പ്രതികളെ സഹായിക്കുന്ന സമീപനമാണ് എസ്‌ഐടി സ്വീകരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനം നിലനില്‍ക്കെയാണ് സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *