കൊച്ചി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുള്ള സമയക്രമം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മിറ്റിയ്‌ക്കാണ് കോടതി നിർദേശം നൽകിയത്.ക്ഷേത്രത്തിലെ വിഗ്രഹത്തിന് അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിൽ ഇതുവരെയും കാര്യമായ പുരോഗതിയില്ല. ലക്ഷദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ പ്രമാണിച്ച് നിർമ്മാണപ്രവത്തനങ്ങൾ വൈകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചടങ്ങുകൾ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇതിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. വിദഗ്‌ദ്ധ സമിതിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് അറ്റകുറ്റപണികൾ വൈകുന്നതിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.ഓരോ ഘട്ടവും എന്ന് പൂർത്തിയാകും എന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ശിൽപികളുടെ അനുമതി പത്രവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികളുടെ വിവരങ്ങളും നേരത്തെ തന്നെ ഭരണസമിതി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പത്ത് ദിവസത്തിന് ശേഷം ഹർജി വീണ്ടും കോടതി പരിഗണിക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ അറ്റകുറ്റപ്പണി; വിദഗ്‌ദ്ധ സമിതിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും തമ്മിൽ ഏകോപനമില്ലെന്ന് ഹൈക്കോടതി
